സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത് .
ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടിയായി നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് നല്‍കിയിരിക്കുന്നത്.
പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2017ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്.