നിയമസഭാ ഓണസദ്യയിൽ കല്ലുകടി.സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഊൺ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുന്‍പ് ജീവനക്കാരെല്ലാവരും പിരിവെടുത്ത് സദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ ഓണാഘോഷത്തിന് സദ്യയുടെ ചുമതല കരാര്‍ നല്‍കി സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. 1,300 പേര്‍ക്ക് വേണ്ടി ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക ക്വോട്ട് ചെയ്ത കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സിയാണ് സദ്യയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ 800 പേര്‍ കഴിച്ചുകഴിഞ്ഞപ്പോഴേക്കും സദ്യ തീര്‍ന്നു. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചു നൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ‌ വിട്ടു.പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *