കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.

എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.

19 വര്‍ഷം മുന്‍പു ചാനല്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തല്‍. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണം എം മുകേഷ് എംഎല്‍എ തള്ളിയിരുന്നു. ‘അങ്ങനെയൊരു സംഭവം ഓര്‍മയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണില്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാര്‍ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓര്‍ക്കുന്നില്ല’ മുകേഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *