കൊച്ചി: ഗാനമേളയിൽ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കുശേഷമാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയുടെ ഇടയിലാണ് സംഘർഷമുണ്ടായത്. കൊല്ലപ്പെട്ട രാജേഷ് ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു. പരിപാടി കാണാനെത്തിയ രണ്ട് പേർ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് സംഘാടകർ ചോദ്യം ചെയ്തു. തുടർന്ന് അവിടെ നിന്ന് പുറത്താക്കി. പരിപാടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ ഇരുവരും സംഘാടകരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാൾ കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചു. അത് രാജേഷിന്റെ സുഹൃത്തകൾ തടഞ്ഞു. ഈ സമയം 30 വയസ് പ്രായം തോന്നിക്കുന്ന പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രാജേഷിനെ കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് കൊച്ചി നഗരത്തിൽ നടക്കുന്നത്. സെപ്റ്റംബർ പത്തിന് ലിസി ആശുപത്രിക്ക് സമീപത്തുവെച്ച് തമ്മനം സ്വദേശി സജുവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *