ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള സോണിയ-ലാലുപ്രസാദ്- നിതീഷ് കുമാർ കൂടികാഴ്ച്ച ഇന്ന് നടക്കും. ഡൽഹിയിൽ വെച്ചാണ് കൂടികാഴ്ച്ച. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്, ആർജെഡി, ജെഡിയു പാർട്ടികളുടെ കൂടികാഴ്ച്ച നടക്കുന്നത് എന്ന പ്രസക്തി കൂടിയുണ്ട്. ഇന്ത്യൻ നാഷണൽ ലോക്ദൾ സ്ഥാപകൻ ചൗദരി ദേവി ലാലിന്റെ ജന്മദിനാഘോഷ റാലിയിൽ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇതിന് ശേഷമായിരിക്കും സോണിയയെ കാണുക.

സോണിയാ ഗാന്ധിയുമായി ഇരുവരും നടത്തുന്ന കൂടികാഴ്ച്ചയെക്കുറിച്ച് ലാലു നേരത്തെ സൂചന നൽകിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണം, 2024ൽ ബിജെപിയെ വേരോടെ പിഴുതെറിയണം, താൻ ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ ഉടൻ കാണും. രാഹുൽ ഗാന്ധിയുടെ പദയാത്ര പൂർത്തിയാക്കിയ ശേഷം അദ്ദേഹവുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് ആർജെഡി അധ്യക്ഷൻ അറിയിച്ചത്.അതേസമയം നേതാക്കളുടെ കൂടികാഴ്ച്ചകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പ്രതികരിച്ചു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഒരു സ്വീകാര്യനെ മുന്നിൽ നിർത്തണമെന്നാണ് കിഷോർ അഭിപ്രായപ്പെട്ടത്. ഇത്തരം കൂടികാഴ്ച്ചകളെ പ്രതിപക്ഷ ഐക്യമോ രാഷ്ട്രീയനീക്കമോ ആയി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ വിശ്വസിക്കാത്തവർ കാത്തിരുന്ന് കണ്ടോളു, അത് തീർച്ചയായും സംഭവിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.നേരത്തെ, ഡൽഹി സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *