പാലക്കാട്: കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് അന്വേഷണം കൃത്യമായ രിതിയിലാണ് മുന്നോട്ടുപോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എകെജി സെന്ററില്‍ നിന്ന് ഒരുപരാതിയും ഉണ്ടാക്കിയിട്ടില്ല. എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. എന്തടിസ്ഥാനത്തിലാണ് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. പൊലീസ് അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ടുപോകും. പാര്‍ട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന്. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രം കേരളമാണ്. വലതുപക്ഷ ആശയനിര്‍മിതിക്ക് വേണ്ടിയാണ് പല ചോദ്യങ്ങളും. ഇതെല്ലാം അറിഞ്ഞാണ് മാധ്യമങ്ങളോട് സംവദിക്കുന്നത്’- ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *