പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആർ അനിലും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ. ധാരണാപത്രത്തിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആർ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി എല്ലാം കൃത്യം ആയി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം.
അതിനിടെ പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാണും. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ എതിർപ്പ് അറിയിച്ച് ഡി. രാജ എം. എ. ബേബിക്കയച്ച കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. നേരിൽ കണ്ട് സംസാരിക്കാമെന്നതാണ് ധാരണ. ഇന്ന് വൈകിട്ട് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
