ഉത്തർ പ്രദേശിലെ സംബലിലുണ്ടായ സംഘർഷത്തിൽ സമാജ് വാദി പാർട്ടി എംപി സിയ ഉർ റഹ്മാനെതിരെ കേസെടുത്ത് പോലീസ്. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, സംഘർഷത്തിൽ സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
സംബലിലെ പൊലീസ് വെടിവയ്പ്പിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സംഘർഷത്തിനിടെ പരിക്കേറ്റ നിരവധിപേർ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം സംഭവത്തിൽ സുപ്രീം കോടതി കേസെടുക്കണം എന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സർവേയുടെ പേരിൽ ബിജെപി വർഗീയത പടർത്താൻ ആണ് ശ്രമിച്ചതെന്നും അഖിലേഷ് ആരോപിച്ചു. പൊലീസ് വെടിവയ്പ്പിൽ ഇന്നലെ 3 പേർ കൊല്ലപ്പെട്ടിരുന്നു. നൌമാന്, ബിലാല്, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിലാണ് സംബൽ ജില്ലാ കോടതി അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. ഇന്നലെ രാവിലെ സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകൾ മൂന്ന് കൂട്ടമായി തിരിഞ്ഞ് വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞു. നിരവധി വാഹനങ്ങൾക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് വെടിയുതിർക്കുകയായിരുന്നു. അതേസമയം, സംഘർഷത്തിനിടെ സമിതി സർവേ നടപടികൾ പൂർത്തിയാക്കി. റിപ്പോർട്ട് 29 ന് കോടതിയിൽ സമർപ്പിക്കും.