കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡി.വൈ. എസ്.പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഉച്ചക്ക് 12.30നാണ് രവി ഡി.സി. എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്‌സിന് കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
വിവാദത്തില്‍ ഇ.പി. ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്‌സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇ.പിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.