കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിനായി കാലിക്കറ്റ് എഫ്.സി നാളെ കളത്തിലിറങ്ങുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ രാത്രി 7:30-ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്.സിയാണ് കാലിക്കറ്റിന്റെ എതിരാളികൾ.
നിലവിൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന കാലിക്കറ്റ് എഫ്.സി നേരത്തെ തന്നെ സെമി ഫൈനൽ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. നാളത്തെ മത്സരത്തിൽ വിജയിക്കാനായാൽ കാലിക്കറ്റിന് സൂപ്പർ ലീഗ് കേരളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കാനും സാധിക്കും. മറുവശത്ത്, 9 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫോഴ്‌സ കൊച്ചി എഫ്.സി.
സെമി ഫൈനൽ പോരാട്ടങ്ങൾക്ക് മുൻപ് വിജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിക്കാനാണ് കാലിക്കറ്റ് നിര നാളെ ബൂട്ടണിയുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കരുത്തരായ കാലിക്കറ്റിനെ നേരിടാൻ ഫോഴ്‌സ കൊച്ചിയും ഇറങ്ങുന്നതോടെ കലൂർ സ്റ്റേഡിയം ആവേശക്കടലാകും.
