കോട്ടയം ∙ മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

ലോട്ടറി വിൽപ്പനക്കാരൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയുണ്ടായി. റോഡിലിരുന്ന സിദ്ധാർഥിനെ പൊലീസ് ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *