തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കരസേനാ മേജർ ആനന്ദ് സി എസ് നേതൃത്വം നൽകിയ പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. പരേഡിൽ 10 സായുധ വിഭാഗങ്ങൾ,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു. മലയാളത്തിൽ റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഗവർണറുടെ തുടക്കം.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റം വേണം. അത് വഴി ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്ത് പോകുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് ഗവർണർ പറഞ്ഞു. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ദരിദ്രർ ഏറ്റവും കുറവ് കേരളത്തിൽ ആണ്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് സംസ്ഥാനം പ്രത്യേക പരിഗണന നൽകുന്നുണ്ട്. സർക്കാർ നവകേരളം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി 3.2 ലക്ഷം വീടുകൾ പൂർത്തിയാക്കി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിൻ്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആർദ്രം മിഷൻ ഗുണമേന്മയുള്ള ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കി. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോഗതി വ്യക്തമാണെന്നും ഗവർണർ പറഞ്ഞു.
രാജ്യം വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സ്വതന്ത്രത്തിന്റെ നൂറാം വയസിൽ രാജ്യം വികസിത ഭാരതമാകും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാൻ സഹായിച്ചുവെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ, ആന്റണി രാജു, തുടങ്ങിയവർ പങ്കെടുത്തു.