ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി കണ്ടെത്തൽ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് അറബിക്-പേര്‍ഷ്യന്‍ ലിഖിതത്തില്‍ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് കേസിലെ ഇരുകക്ഷികള്‍ക്കും നല്‍കുമെന്ന് കോടതി അറിയിച്ചു. ക്ഷേത്രത്തിലെ തൂണുകളടക്കം പൊളിച്ചു. പുതിയവ കൂട്ടിച്ചേര്‍ത്തു. പള്ളിയുടെ മുന്‍വശത്ത് നമസ്‌കാരത്തിനായി വലിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഹൈന്ദവ ദേവന്മാരെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും മണ്ണിനടയില്‍ നിന്ന് കണ്ടെടുത്ത വാസ്തുവിദ്യാ ഘടകങ്ങളും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രങ്ങളിലെ കല്ലുകളില്‍ ദേവനാഗിരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും കണ്ടെടുത്തതായി സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *