75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് കര്‍ത്തവ്യപഥ് സാക്ഷിയായി. വനിതാ പ്രാതിനിധ്യം കൂടിയ ഇത്തവണത്തെ പരേഡില്‍ ‘വികസിത ഭാരതം’, ‘ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്’ എന്നിവയായിരുന്നു പ്രമേയങ്ങള്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.സ്ത്രീ ശക്തി മുന്‍നിർത്തി ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്‍റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് കര്‍ത്തവ്യപഥില്‍ നടന്നത്. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകള്‍. ഫ്ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്‍റ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി.വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ രണ്ട് വിഷയങ്ങളിലായിരുന്നു പരേഡുകള്‍. പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. മണിപ്പൂരും പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ച് പങ്കെടുത്തു. അയോധ്യയിലെ രാംലല്ലയും നമോ ഭാരത് ട്രെയിനുമായിരുന്നു ഉത്ത‍ർപ്രദേശ് ദൃശ്യാവിഷ്കരിച്ചത്.റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവ പ്രതിരോധ കരുത്തിന്‍റെ അടയാളമായി. 54 യുദ്ധ വിമാനങ്ങളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. ഇതില്‍ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *