നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ നിയമസഭയിൽനിന്നും മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്.ഗവര്‍ണരുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തതാണ്. നടപടി ഭരണഘടനാ വിരുദ്ധമാണ്. നിലവിട്ട രീതിയിലാണ് ഗവര്‍ണറുടെ പെരുമാറ്റമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.ദില്ലയില്‍ എല്‍ഡിഎഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് ദില്ലിയില്‍ സമരം നടക്കുമ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറല്‍ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഗൂഡനീക്കത്തോടെയാണ് സംസ്ഥാനത്തോട് പെരുമാറുന്നത്. സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ തെറ്റായി ഇടപെടുകയാണ്. ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസില്‍നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുകയെന്നും തുടര്‍ന്ന് സമരം ആരംഭിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *