ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും എന്ന് തുടങ്ങുന്ന കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. കരുണാകരനെ ലീഗ് കാലുവാരിയതടക്കമുള്ള കാര്യങ്ങള്‍ കെ ടി ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും!

ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചു. രാജ്യസഭയില്‍ ലീഗിന്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കി. വഹാബ് സാഹിബിന്റെ എം.പി കാലാവധി 2026-ല്‍ തീരുമ്പോള്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എടുക്കും. ലോകസഭയിലേക്ക് മൂന്നാം സീറ്റ് നല്‍കാതെ വീണ്ടും കോണ്‍ഗ്രസ് ലീഗിനെ വഞ്ചിച്ചു. പകരം 2 കൊല്ലം രാജ്യസഭയില്‍ ലീഗിന് രണ്ട് പ്രതിനിധികളെ നല്‍കും. മുമ്പും ലീഗിന് രാജ്യസഭയില്‍ രണ്ട് പ്രതിനിധികള്‍ ഉണ്ടായിരുന്നു. കൊരമ്പയില്‍ അഹമ്മദാജിയും അബ്ദുസ്സമദ് സമദാനിയും. ലീഗ് കണ്ണുരുട്ടാതെ തന്നെ കെ കരുണാകരനാണ് കേരളത്തില്‍ നിന്നുള്ള ലീഗിന്റെ രാജ്യസഭാ പ്രാതിനിധ്യം രണ്ടാക്കി ഉയര്‍ത്തിയത്. ആ കരുണാകരനെ കോട്ടയം ലോബി പടച്ചുണ്ടാക്കിയ ചാരക്കേസിന്റെ മറവില്‍ അപമാനിതനാക്കി വലിച്ച് താഴെയിട്ടു. എ.കെ ആന്റെണിയെ പകരം മുഖ്യമന്ത്രിയാക്കി വാഴിച്ചു. നെറികെട്ട ആ രാഷ്ട്രീയ അങ്കത്തില്‍ ചതിയന്‍ ചന്തുവിന്റെ വേഷമിട്ടാണ് ലീഗ് കളം നിറഞ്ഞാടിയത്. കരുണാകരനോട് ലീഗ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മഹാപരാധം! ബീരാന്‍ സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന തിരൂരങ്ങാടിയില്‍ ആന്റെണിയെ മല്‍സരിപ്പിച്ച് ജയിപ്പിച്ച ലീഗിനോട് ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദമുപയോഗിച്ച് അനര്‍ഹമായത് നേടുന്നു എന്ന പ്രസ്താവന നടത്തിയാണ് അദ്ദേഹം പ്രത്യുപകാരം ചെയ്തത്.

ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ പോയത് അയാളുടെ വ്യക്തിപരമായ കാര്യം. എന്നാല്‍ അനില്‍ ആന്റണി ചീറ്റുന്ന മുസ്ലിം വിരുദ്ധ വിഷം അച്ഛനോട് ലീഗ് കാട്ടിയ ഉദാരമനസ്‌കതയ്ക്കുള്ള ഉപകാരസ്മരണയായി ആരെങ്കിലും ധരിച്ചാല്‍ തെറ്റുപറയാനാവില്ല! കാവളമരത്തിനു മുകളില്‍ റോസാപ്പൂ വിരിയില്ലല്ലോ? കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ നന്ദികേടിന് ലീഗ് ലോകാവസാനം വരെ പ്രായശ്ചിത്തം ചെയ്താലും മതിയാവില്ല. 2019 ല്‍ ഹൈദരലി തങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഉറപ്പ് അവര്‍ പാലിച്ചിട്ടില്ലെങ്കില്‍ സാദിഖലി തങ്ങള്‍ക്ക് അവര്‍ നല്‍കിയ ഉറപ്പ് ”കുറുപ്പിന്റെ ഉറപ്പാകു”മെന്ന് ആര്‍ക്കാണറിയാത്തത്? ഇപ്പോഴത്തെ വ്യവസ്ഥകള്‍ നോക്കിയാല്‍ പണ്ട് ലണ്ടനില്‍ നടന്ന ഒരു സംഭവമാണ് ഓര്‍മ്മവരിക. ലണ്ടനിലെ ഒരു പുരാതന ചര്‍ച്ച് പുതുക്കിപ്പണിയാന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. ലീഗിന് രാജ്യസഭയില്‍ രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചപോലെ. തുടര്‍ന്ന് യോഗം കൂടി ചര്‍ച്ചിന്റെ മേലധികാരികള്‍ മൂന്ന് ഉഗ്രന്‍ തീരുമാനങ്ങളും എടുത്തു!

1) പഴയ ചര്‍ച്ച് നില്‍ക്കുന്ന സ്ഥലത്താവണം പുതിയ ചര്‍ച്ച് പണിയേണ്ടത്.
2) പഴയ ചര്‍ച്ചിന്റെ പരമാവധി സാധനസാമഗ്രികള്‍ പുതിയ ചര്‍ച്ചിന്റെ നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തണം.
3) പുതിയ ചര്‍ച്ച് പണിത് കഴിഞ്ഞ ശേഷമേ പഴയ ചര്‍ച്ച് പൊളിക്കാന്‍ പാടുള്ളൂ.

ഈ വ്യവസ്ഥകള്‍ക്ക് സമാനമായ ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയില്‍ മൂന്നാം സീറ്റ് നിഷേധിച്ച് കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. വഹാബിന്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് കൊടുത്താല്‍ ലീഗിന്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്പോള്‍ മാത്രമാണ് രണ്ട് അംഗങ്ങള്‍ രാജ്യസഭയില്‍ ഒരേസമയം ലീഗിനുണ്ടാകൂ. വന്‍ബിസിനസ് സംരഭങ്ങള്‍ നടത്തുന്ന ലീഗ് നേതാക്കള്‍ക്ക് ഇതറിയാഞ്ഞിട്ടല്ല. സ്വന്തം കമ്പനി പൊളിയുന്നതിലേ അവര്‍ക്ക് വിഷമമുള്ളൂ. ലക്ഷക്കണക്കിന് സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരു രൂപ മെമ്പര്‍ഷിപ്പ് ഷെയറുള്ള മുസ്ലിംലീഗാവുന്ന മഹത്തായ കമ്പനി പൊളിയുന്നതിലും അതിന്റെ ആത്മാഭിമാനം തകരുന്നതിലും അവര്‍ക്കൊരു ഛേദവും ഉണ്ടാവേണ്ട കാര്യമില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *