സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയും ഹാജറാക്കി റിമാന്റ് ചെയ്തു.
വീട്ടുകാരുമായി ചേർച്ചയിൽ അല്ലായിരുന്നു ബൈജു വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയതിനു പിന്നാലെയാണ് കവർച്ച നടത്തിയത്. സഹോദരിയെ ഫോൺ വിളിച്ച് വീട്ടിലാരുമില്ലെന്ന് ഉറപ്പ് വരുത്തുകയും, തിരിച്ചു വരുന്ന സമയം ചോദിച്ചറിയുകയും ചെയ്തിരുന്നു. വാൻ തുക വാഗ്ദാനം ചെയ്താണ് കൂട്ടുകാരെ കൂടെ കൂട്ടിയത്.
ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയായിരുന്നു കവർച്ച. അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു.ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ വീട്ടുകാർ കവർച്ച നടന്നതറിഞ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ബൈജുവിനെക്കുറിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടായി. തുടർന്ന് തന്ത്രപൂർവം വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം വീട്ടിലെ കവർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്.
നഷ്ടപ്പെട്ട സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്.
