കണ്ണൂരില്‍ കെ റെയില്‍ കല്ലിടലിനെതിരെ നടന്ന സംഭവത്തിൽ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും. റെയില്‍ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. യു ഡിഎഫ് മാറ്റിയ കല്ല് എല്‍ഡിഎഫ് പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച് ആളുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം കണ്ണൂരില്‍ കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ സിപിഎം അക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. കെ-റെയില്‍ പദ്ധതിക്കെതിരായ സമരം മൊബൈല്‍ സമരമാണ്. കോണ്‍ഗ്രസുകാരും ബിജെപിയും മൊബൈല്‍ സമരക്കാരാണ്. അതിന് ജനപിന്തുണയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്. സമരക്കാര്‍ പിഴുതെറിയുന്ന കല്ലുകള്‍ സ്ഥലം ഉടമകള്‍ തന്നെ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
