കേരളത്തിലെ മുഴുവൻ ഡിസിസികളെയും പുനസംഘടിപ്പിക്കാൻ എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന.എ-ഐ ഗ്രൂപ്പുകളുടെ നിര്‍ദേശം മറികടന്ന് വി.ഡി സതീശനെ പ്രതിപക്ഷനേതാവായി നിയോഗിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും പുതുനിരയെ പ്രതിഷ്ഠിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. കേരളത്തിലെ യുഡിഎഫ് പരാജയത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്നാണ് താരിഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ട്. അഴിച്ചുപണിക്ക് മുന്നോടിയായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ അടുത്തയാഴ്ച എത്തും.
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി കൊണ്ട് കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാന്‍ എഐസിസിയുടെ ആലോചന. അഴിച്ചു പണി താഴെ തട്ട് മുതല്‍ ആരംഭിക്കും. മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരെയും മാറ്റിയേക്കും. സ്ഥാനം ഒഴിയുവാന്‍ സന്നദ്ധരായവരോട് തത്കാലം തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മിക്ക ഡിസിസി പ്രസിഡന്റുമാരും മോശമായ പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് വിലയിരുത്തൽ . പലയിടത്തും ഡിസിസി പ്രസിഡന്റുമാർ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി സ്ഥാനാർത്ഥികൾ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു . ഈ വിഷയം സംസ്ഥാന ഘടകത്തെയും എഐസിസി നേതൃത്വത്തെയുമൊക്കെ അറിയിക്കുകയും ചെയ്തു.

ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കതീതമായ വി.ഡി സതീശനെ ദേശീയ നേതൃത്വം പ്രതിഷ്ഠിച്ചത് പോലെ കോണ്‍ഗ്രസ് തലപ്പത്തേക്കും ഒരാളെ നിര്‍ദേശിക്കുക എളുപ്പമല്ല. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനാകുമെന്ന നിലയ്ക്കായിരുന്നു നേരത്തെയുണ്ടായിരുന്ന ചര്‍ച്ചകള്‍. ഔദ്യോഗികമായി ഇക്കാര്യത്തില്‍ ആരും തന്നോട് ചര്‍ച്ച നടത്തിയില്ലെന്നാണ് കെ.സുധാകരന്‍ ഇതേക്കുറിച്ച് പറഞ്ഞത്. എന്നാല്‍ യുവനിരയെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഡിസിസി തലപ്പത്തും യുവനിരയെ പ്രതിഷ്ഠിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *