തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി സി ജോര്‍ജിനെ പിടിച്ച് അകത്തിടാമെന്ന് സിപിഐഎം പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് കൊടുത്തതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃക്കാക്കരയിലെ 20% വോട്ട് ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അങ്ങേയറ്റം നീതി നിഷേധമാണ് പി സി ജോര്‍ജിനോട് കാണിച്ചിരിക്കുന്നത്. ഇരട്ട നീതിയാണ് സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാര്‍ കാണിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള വിനാശകരമായ നടപടിയാണിത്. 2014ന് മുമ്പുള്ള കശ്മീരിലേക്ക് കേരളത്തെ മുഖ്യമന്ത്രി കൊണ്ടുപോവുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനോട് സര്‍ക്കാരിന് മൃദുസമീപനമാണ്. മുസ്ലിം ഭീകരവാദത്തെ സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *