നിധിൻ ഗഡ്കരിക്കെതിരായ വധ ഭീഷണി; അന്വേഷണം ഊർജിതമാക്കി എൻ ഐ എ

0

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കെതിരായ വധഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. എൻ ഐ എയുടെ സംഘം നാഗ്പൂരിലെത്തി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണ് ഭീഷണിക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ജനുവരി 14 നാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ് ഫോണിലേക്ക് വധ ഭീഷണി കോൾ വന്നത്. കാന്ത എന്ന ജയേഷ് പൂജാരിയാണ് വിളിച്ചത്. ആദ്യ ഭീഷണി കോളിൽ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ് ഗഡ്കരിയോട് 100 കോടി രൂപ ആവശ്യപ്പെട്ടു. രണ്ടാമത്, മാർച്ച് 21 ന് വന്ന ഫോണിൽ 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്. പോലീസ് അന്വേഷണത്തിൽ ഇയാൾക്ക് ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ നിന്ന് ആയുധപരിശീലനം നേടിയിട്ടുണ്ടെന്നും കണ്ടെത്തി.

ഇതോടെയാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് യുഎപിഎ പ്രയോഗിച്ചതോടെ മാര്‍ച്ച് 28 ന് പ്രതിയെ നാഗ്പൂരിലേക്ക് കൊണ്ടുവന്നു. എന്നാൽ പ്രതി ജയിലിലാണെങ്കിലും ഈ മാസം മൂന്നാമത്തെ ഭീഷണി കോൾ ലഭിച്ചു.

“ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലുള്ള എൻഐഎ സംഘം നാഗ്പൂരിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ദന്തോലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ എഫ്ഐആർ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്”- ഉദ്യോഗസ്ഥർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here