എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ അപകടവും വ്യാപക നാശവും. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്.

എറണാകുളത്ത് കാര്‍ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ കാറില്‍ വന്നിരുന്ന ജെയിംസ് കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു.

മൂവാറ്റുപ്പുഴ വടക്കെകടവില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് ഇന്നലെ രാത്രി കാണാതായത്. ജോബിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. കണ്ണൂരില്‍ മലയോരത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ കുപ്പം പുഴ മണിക്കടവ്,ചപ്പാത്ത്, വയത്തൂര്‍ എന്നീ പാലങ്ങള്‍ മുങ്ങി.
വയനാട് മുത്തങ്ങ മന്മഥമൂല റോഡില്‍ വെള്ളം കയറി. കല്ലൂര്‍പുഴ കരകവിഞ്ഞാണ് ഇവിടേക്ക് വെള്ളം കയറിയത്. മന്‍മഥമൂല, ആലത്തൂര്‍, അത്തിക്കുനി, കല്ലു മുക്ക് ഉന്നതി, ചിറമൂല, ചുണ്ടക്കുനി ഉന്നതി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മുട്ടില്‍ പഞ്ചായത്ത് നാല് സെന്റ് കോളനിയിലെ ആളുകളെ പനംകണ്ടി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *