ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിന് താക്കീത്. പരിപാടിയില്‍ പങ്കെടുത്തതില്‍ കെ എന്‍ എ ഖാദറിന് ശ്രദ്ധക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് ലീഗ് നേതൃത്വത്തിന്റെ നടപടി. സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്കാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഖാദറിന്റെ വിശദീകരണം. ജാഗ്രത കുറവിന് കെ എന്‍ എ ഖാദര്‍ ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ് അറിയിച്ചു.

കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്.

മതസൗഹാര്‍ദ്ദ പരിപാടികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് എതിരല്ല എന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്ത നടപടി ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് എന്ന് കാട്ടിയാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *