ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ശരീരത്തു സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണു പരാതി. ആറു പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

എറണാകുളത്തുനിന്നു ട്രെയിന്‍ പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തതോടെ അച്ഛന്‍ തടയാന്‍ ശ്രമിച്ചു. അച്ഛനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. റെയില്‍വേ ഗാര്‍ഡിനോടു പരാതി പറഞ്ഞെങ്കിലും പൊലീസിനെ അറിയിക്കാന്‍ തയാറായില്ലെന്നാണു പരാതി. തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപാടെ അച്ഛനും മകളും റെയില്‍വേ പൊലീസിനു പരാതി നല്‍കി.

അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആറോളം പേര്‍ ചേര്‍ന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മര്‍ദ്ദനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *