കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് പാര്‍ട്ടിയുടെ താക്കീത്. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്ന് എന്‍സിപി നേതൃത്വം മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി.

പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ പുറത്താക്കിയത്. പരാതി പരിശോധിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ആരോപണ വിധേയനായ ജി പത്മാകരനെയും രാജീവിനെയും പാര്‍ട്ടി നേരത്തെ തന്നെ സസ്പ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

പാര്‍ട്ടി സസ്പ്പെന്‍ഡ് ചെയ്ത ആറ് പേരില്‍ പരാതിക്കാരിയുടെ പിതാവും ഉള്‍പ്പെടുന്നുണ്ട്. മന്ത്രിയുമായുള്ള ഫോണ് വിളി റിക്കോര്‍ഡ് ചെയ്തതിനും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരന്‍ പറയുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരന്‍ കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിക്കാരിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. വിരോധം ഉള്ളവര്‍ക്കെതിരെ പരാതിക്കാരി സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ടെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു.

കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *