കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ആരോപണവിധേയനായ സിഎസ്ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു.

ഇന്നലെ രാത്രി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്.

ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. പതിമൂന്ന് മണിക്കൂറോളമായിരുന്നു പരിശോധന സിഎസ്ഐ ആസ്ഥാനത്ത് ഇന്നും പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *