അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചിചനം. തുടർന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ 26, 27 തീയതികളിൽ മധ്യ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കൊങ്കൺ മേഖലയിലും സംസ്ഥാനത്തിൻ്റെ മറ്റ് പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈയിലും പുനെയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. ആളുകൾ കഴിയുന്നതും വീട്ടിലിരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുംബൈ പൊലീസ് അഭ്യർഥിച്ചു. അതേസമയയം, സ്കൂളുകൾ വെള്ളിയാഴ്ച പ്രവർത്തിക്കുമെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.മുംബൈയിലെ കാലാവസ്ഥയും മഴയും നിലവിൽ സാധാരണമാണെന്നും ബിബിഎംസി പറ‍ഞ്ഞു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യാഴാഴ്ച ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി ഉന്നതതല യോഗം വിളിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സംസ്ഥാനത്തുടനീളം എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, നേവി, പൊലീസ്, അഗ്നിശമന സേന, ഡോക്ടർമാർ എന്നിവരുടെ സംഘങ്ങളെ സജ്ജമാക്കിയതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിൻഡെ പറഞ്ഞു. കനത്ത മഴയിൽ പൂനെ നഗരം മുങ്ങിയിരിക്കുകയാണ്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *