അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഉത്തർപ്രദേശ് സർക്കാർ പുനഃസംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പരിചയസമ്പന്നരായ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ മൂന്നംഗ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.) കിരൺ എസ്. ആണ് പുതിയ അന്വേഷണസംഘത്തിന്റെ തലവൻ. അയോധ്യ ഡി.ഐ.ജി. സോമൻ വർമ, അയോധ്യ എസ്.എസ്.പി. ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മുൻ എസ്.ഐ.ടി. സംഘമാണ് പ്രാഥമിക തെളിവുശേഖരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നത്. എന്നാൽ, മുൻ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്വേഷണം മുതിർന്ന ട്രസ്റ്റ് അംഗങ്ങളിലേക്ക് എത്താതിരിക്കാൻ സംഘം ബോധപൂർവ്വം ഇടപെട്ടു എന്ന ആക്ഷേപത്തെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടലും പുതിയ പുനഃസംഘടനയും ഉണ്ടാകുന്നത്. പുനഃസംഘടിപ്പിച്ച പുതിയ എസ്.ഐ.ടി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം 27-ന് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
