മരംമുറിക്കേസിലെ പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് പരാതി നല്‍കി ഡിഎഫ്ഒ ധനേഷ് കുമാര്‍. എഡിജിപി ശ്രീജിത്തിനാണ് പരാതി നല്‍കിയത്. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യക സംഘത്തിലെ അംഗമായിരുന്നു ധനേഷ്.

അതിനിടെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാര്‍ശയില്‍ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയല്‍ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയല്‍ വനംമന്ത്രിക്ക് തിരിച്ചയത്.

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും സാജനും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ജൂണ്‍ 29നായിരുന്നു. ശുപാര്‍ശ അംഗീകരിച്ച വനം വകുപ്പ് സസ്‌പെന്‍ഡ് ചെയ്യാനാണ് ഫയലില്‍ എഴുതിയതെന്നാണ് വിവരം. വനംമന്ത്രി ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കുന്നത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയല്‍ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *