മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന്
മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറിയുടെയും രവിവര്‍മ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികളുടെയും ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് നടക്കും. തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാവിലെ 10ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.
രാജാ രവിവര്‍മയുടെ അമൂല്യ സംഭാവനകളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാസമ്പത്തിന് ശാസ്ത്രീയ പരിരക്ഷയൊരുക്കുന്നതിനാണ് കണ്‍സര്‍വേഷന്‍ ലബോറട്ടറി ഒരുക്കുന്നത്. ഇന്ത്യയില്‍തന്നെ ഇത്തരം അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്നാമത്തെ സ്ഥാപനമാണ് ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിക്ക് സമീപത്ത് പുതുതായി ഒരുക്കിയിരിക്കുന്ന കണ്‍സര്‍വേഷന്‍ ലബോറട്ടറി. രാജാ രവിവര്‍മ ചിത്രങ്ങളുടെയും സ്‌കെച്ചുകളുടെയും ശാസ്ത്രീയ സംരക്ഷണമാണ് പ്രാരംഭ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിലുള്ള ഒരു വിദഗ്ധ സമിതിക്ക് കീഴില്‍ സാങ്കേതിക വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരള മ്യൂസിയം മുഖേനയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ, ടൂറിസം, പുരാവസ്തു-പുരാരേഖ, മ്യൂസിയം വകുപ്പ് അഡീ: ചീഫ് സെക്രട്ടറി ഡോ: വി. വേണു ആമുഖപ്രഭാഷണം നടത്തും. കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്. അബു സ്വാഗതവും ആര്‍ട്ട് ഗ്യാലറി ആന്റ് ആര്‍ട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്. മഞ്ജുളാ ദേവി നന്ദിയും പറഞ്ഞു.
പി.എന്‍.എക്സ്. 2934/2021

അയ്യന്‍കാളി ജയന്തി ആഘോഷം 28 ന്
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ആഘോഷം ആഗസ്റ്റ് 28-ന് സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ സംബന്ധിക്കും. എം.പിമാരായ ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സോമപ്രസാദ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.കെ.പ്രശാന്ത്, വി.ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കൗണ്‍സിലര്‍ ഡോ.കെ.എസ്.റീന തുടങ്ങി മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
പി.എന്‍.എക്സ്. 2935/2021

മഹാത്മ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം 28ന്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പര്‍ലമെന്ററി അഫയേഴ്സ് നടത്തുന്ന മഹാത്മ അയ്യങ്കാളി അനുസ്മരണ പരിപാടിയില്‍ സഫായി കര്‍മചാരി ആന്ദോളന്‍ ദേശീയ കണ്‍വീനര്‍ പ്രഭാഷണം നടത്തും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡോ. എം വി ബിജുലാല്‍ അദ്ധ്യക്ഷം വഹിക്കുന്ന പ്രഭാഷണം ആഗസ്റ്റ് 28ന് വൈകിട്ട് ഏഴ് മണിക്ക് സൂം പ്ലാറ്റ്ഫോം വഴി നടത്തും. മീറ്റിംഗ് ഐഡി: 8528742769. പാസ്‌കോഡ്: 491209.
പി.എന്‍.എക്സ്. 2936/2021

കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം: 31 വരെ അപേക്ഷിക്കാം
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റായ www.cmdkerala.net ല്‍ ലഭിക്കും.
പി.എന്‍.എക്സ്. 2937/2021

Leave a Reply

Your email address will not be published. Required fields are marked *