എന്‍ഡിടിവി പിടിച്ചെടുക്കല്‍ നീക്കം പാതിവഴിയില്‍ നില്‍ക്കവെ രാജ്യത്തെ വൻകിട സിമന്റ് നിർമാതാക്കളായ എസിസിയുടെയും അംബുജയുടെയും ഓഹരികൾ കൈവശപ്പെടുത്താൻ അദാനി ഗ്രൂപ്പ്. 31,000 കോടി രൂപയുടെ ഓപൺ ഓഫറാണ് ഗ്രൂപ്പ് ഏറ്റെടുക്കലിനായി മുമ്പോട്ടുവച്ചത്. ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അംഗീകാരം ലഭിച്ചു.

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ മെയില്‍ ആദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു.

ഓപൺ ഓഫർ പ്രകാരം അംബുജ സിമന്റ്‌സിന്റെ ഒരു ഓഹരിക്ക് 385 രൂപയാണ് വില. എസിസിയുടേതിന് 2300 രൂപയും. ഇതുപ്രകാരം അംബുജ സിമെന്റ്സിന്റെ 26ശതമാനം(51.63 കോടി) ഓഹരികൾക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികൾക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.

അംബുജ സിമന്റ്‌സും എസിസിയും സംയുക്തമായി 70 ദശലക്ഷം ടൺ സിമന്റാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. രണ്ടു കമ്പനികൾക്കുമായി 23 സിമന്റ് പ്ലാന്റുകളും 14 ഗ്രിൻഡിങ് സ്റ്റേഷനുകളും 80 റെഡി മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *