കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​തിനു പിന്നാലെ പരിാസവുമായി സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ.രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോ? ഏതു ഗണത്തിലാണ് സുധീരൻ പെടുന്നതെന്ന് എ കെ ബാലൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു

കോൺഗ്രസിൻ്റെ തല മുതിർന്ന നേതാവ് ശ്രീ. വി. എം. സുധീരൻ കെ പി സി സി യുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോ? ഏതു ഗണത്തിലാണ് സുധീരൻ പെടുന്നതെന്ന് കെ പി സി സി നേതൃത്വം വ്യക്തമാക്കട്ടെ. സുധീരനെപ്പോലുള്ള ഒരു നേതാവിൻ്റെ രാജി കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോൺ‌ഗ്രസിനെ ഈ അവസ്ഥയിലാക്കിയ കാരണങ്ങൾ കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ശരിയായി വിലയിരുത്തണം. സെമി കേഡർ വാദം പറഞ്ഞു കൊണ്ട് കോൺഗ്രസ് അണികളെ അധികകാലം പറ്റിക്കാൻ കഴിയില്ല. സെമി കേഡർ ആകുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫുൾ കേഡർ ആയാൽ കോൺഗ്രസിൻ്റെ അവസ്ഥ എന്താകുമെന്ന് സങ്കൽപ്പിച്ചു നോക്കാവുന്നതാണ്. ഏതാനും ചില വ്യക്തികളുടെ പൂർണ നിയന്ത്രണത്തിൽ കോൺഗ്രസിനെ എത്തിക്കാൻ ശ്രമിക്കുന്നതിൽ നേതൃത്വത്തിലെ തന്നെ ഒരു വിഭാഗത്തിനും അണികൾക്കും ശക്തമായ പ്രതിഷേധമുണ്ട്. ജനകീയ സ്വഭാവം നഷ്ടപ്പെടുമ്പോഴാണ് കോൺഗ്രസ് ദുർബ്ബലമാകുന്നത്. ജനകീയ സ്വഭാവമുള്ള കോൺഗ്രസുകാരെല്ലാം അസംതൃപ്തരാണ്. അവരെയൊക്കെ പുകഞ്ഞ കൊള്ളിയെന്നും പാത്രം നിറഞ്ഞു കവിഞ്ഞ് പുറത്തു പോയവരെന്നും പരിഹസിച്ചാൽ എങ്ങനെയാണ് കോൺഗ്രസ് മുന്നോട്ടു പോവുക? കോൺഗ്രസിൽ നിന്ന് സി പി ഐ എമ്മിലേക്ക് വരുന്നവരെ കുപ്പത്തൊട്ടിയിൽ വീണവരെന്നൊക്കെ അപമാനിക്കുന്നത് ഇനിയെങ്കിലും നിർത്തണം. കോൺഗ്രസ് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. കോൺ‌ഗ്രസ് മുക്തഭാരതം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞു, ” കോൺഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ എനിക്കു മുമ്പേ കോൺഗ്രസ് മരിച്ചാൽ ഞാനെന്തു ചെയ്യും”. ഇപ്പോൾ കോൺഗ്രസുകാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ചെന്നായയുടെ വായിലേക്ക് ഇരയെ എത്തിച്ചു കൊടുക്കുന്ന കൊള്ളരുതായ്മകൾ കാരണമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോൺ‌ഗ്രസ് തകർന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ കോൺഗ്രസ് തയ്യാറാവണം.

Leave a Reply

Your email address will not be published. Required fields are marked *