തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബര്‍ 14ന് ഏറ്റെടുക്കും. നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം ആറ് മാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമ നടപടിയും കോവിഡ് വ്യാപനവും ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി. അതേസമയം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമ പോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.
