സിബ്ഗത്തുള്ള എം
കുന്ദമംഗലം: നെടുമ്പാശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്കൊരു ആകാശ യാത്ര, അംബര ചുമ്പികളായ കെട്ടിടങ്ങൾക്ക് നടുവിലെ പച്ചത്തുരുത്തായ കബൺ പാർക്കിലൂടെയുള്ള നടത്തം, ദ്രുത ഗതാഗത സംവിധാനമായ നമ്മ മെട്രോയിലെ സഞ്ചാരം, ദ്രാവിഡ വാസ്തുവിദ്യയുടെ യശസ്സ് ഉയർത്തി നിൽക്കുന്ന കർണാടകയുടെ അധികാരകേന്ദ്രമായ വിധാൻ സൗധയിലെ സന്ദർശനം, അങ്ങനെ മനസ്സിൽ എന്നും കാത്തുവെക്കാവുന്ന ഒരു പിടി നല്ല കാഴ്ചകൾ കണ്ടാണ് കുന്ദമംഗംലം ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽ നിന്ന് മെമ്പർ നൌഷാദിനൊപ്പം യാത്രപോയ 160 പേരും തിരിച്ചെത്തിയത്. വിധാൻ സൗദയിലേക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി സ്പീക്കർ യു.ടി ഖാദർ നേരിട്ടെത്തിയത് യാത്രയിലെ അപൂർവ നിമിഷങ്ങളിലൊന്നായി. സ്പീക്കർക്ക് ഒരു നാടിന്റെ സ്നേഹോപഹാരമായി മൊമന്റവും സമ്മാനിച്ചു. നൗഷാദിനെ സ്പീക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു .കുന്ദമംഗലത്ത് നിന്ന് ഞായറാഴ്ച രാത്രി യാത്രാ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത് എം.കെ. രാഘവൻ എം. പി ആയിരുന്നു. ഫ്ലാഗ് ഓഫീന് പിന്നാലെ മറ്റൊരാവശ്യത്തിനായി ബാംഗ്ലൂരിലേക്ക് പോയ എംപിയും അവിടെ വെച്ച് മടക്കയാത്രയിൽട്രെയിനിൽസംഘത്തിനൊപ്പം ചേർന്നതും ഏവർക്കും ആവേശമായി. ബാംഗ്ലൂർ നഗരക്കാഴ്ചകൾ കണ്ട് രാത്രിയോടെ ട്രെയിനിൽ കോഴിക്കോട്ടെക്ക് തിരിച്ച സംഘം ഇന്ന് രാവിലെയാണ് കുന്ദമംഗലത്ത് തിരിച്ചെത്തിയത്.
സിബ്ഗത്തുള്ള എം
