വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർ.സി.) എടിഎം കാർഡ് രൂപത്തിലേക്ക് മാറുന്നു.
ഡ്രൈവിങ് ലൈസൻസുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാർഡിലേക്കാണ് ആർ.സി ബുക്കുകളും മാറുന്നത്. വ്യാഴാഴ്ചമുതൽ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. ഒക്ടോബർ നാലുമുതലാണ് പുതിയ രൂപത്തിലുളള കാർഡുകളുടെ വിതരണം ആരംഭിക്കുക. ഡ്രൈവിങ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിൽ തന്നെയാണ് എടിഎം രൂപത്തിലുള്ള കാർഡുകളും തയ്യാറാക്കുക. ഓഫീസുകളിൽ ലാമിനേറ്റഡ് കാർഡുകളിൽ ആർ.സി. തയ്യാറാക്കുന്ന രീതി ഇനി ഉണ്ടാവില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒക്ടോബർ മൂന്നിനുമുമ്പ് പൂർത്തിയാക്കാനും ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ കാർഡുകൾക്ക് 200 രൂപയും രജിസ്റ്റേഡ് തപാൽ ഫീസും അധികം നൽകണം. സീരിയൽ നമ്പർ, യു.വി. ചിഹ്നങ്ങൾ, ഗില്ലോച്ചെ പാറ്റേൺ, ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു.ആർ. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആർ.സി.യിലുണ്ടാകും.
പെറ്റ് ജി കാർഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി കാണുന്നത്.