ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവാണെന്ന് സിപിഐഎമ്മിന്റെ തിരുത്തല്‍ രേഖ. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആണ് തിരുത്തല്‍ രേഖ അടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജീര്‍ണ്ണിച്ച നേതാവായതുകൊണ്ടാണ് ജി സുധാകരന്‍ പാര്‍ട്ടിവിട്ടത്. അനാവാശ്യ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് പരിഗണിക്കേണ്ടതില്ല. സുധാകരന്‍ അടഞ്ഞ അധ്യായമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാന വിപുലീകൃത കമ്മറ്റി അംഗീകരിച്ച തെറ്റു തിരുത്തല്‍ രേഖ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ജി സുധാകരന്‍ വിഷയത്തില്‍ ഇനിയെന്ത് എന്നതില്‍ മാര്‍ഗ്ഗ രേഖ വ്യക്തത വരുത്തിയത്. എങ്കിലും അമ്പലപ്പുഴ തോല്‍വി ഗൗരവതരമെന്നും വീഴ്ച്ച തിരുത്തണമെന്നും തിരുത്തല്‍ രേഖയില്‍ പറയുന്നു.

ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളില്‍ ഏറെ നാളുകളായുള്ള കടുത്ത വിഭാഗീയത ഇനിയും പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ല. എസ്എന്‍ഡിപി യോഗത്തിനും കെപിഎംഎസിനും സ്വാധീനമുള്ള ജില്ലയില്‍ ഈ സമുദായങ്ങള്‍ പാര്‍ട്ടിയോട് അകന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ എസ്എന്‍ഡിപി യോഗത്തെ ഒപ്പം നിര്‍ത്തണമെന്ന് പറയുമ്പോഴും വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പരാമര്‍ശമോ വിമര്‍ശനമോ ഇല്ല. സഹകരണ ബാങ്കുകളിലെ മോശം പ്രവണതകള്‍ ആലപ്പുഴയിലുമുണ്ടെന്നും ഇത് സാധാരണക്കാരായ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *