ലൈഫ് പദ്ധതിയിലെ വീട് പണി മുടങ്ങിയതോടെ ടാർപോളിൻ കെട്ടിയ കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണനും ഭാര്യയും. ആദ്യ ഗഡുവായി കിട്ടിയ പണംകൊണ്ട് തറകെട്ടിയെങ്കിലും ബാക്കി തുക ഇതുവരെ ലഭിക്കാത്തതാണ് വീട് പൂർത്തിയാക്കാൻ തടസ്സം. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണന് കാൻസർ കൂടി പിടിപെട്ടതോടെ പട്ടിണിയുടെ വക്കിലാണ് കുടുംബം.ടാർപ്പോളിനും തുണിയും ഓലയുമൊക്കെ ചേർത്തുകെട്ടിയ കൂര. മഴയൊന്ന് കനത്താൽ കട്ടിലിന് താഴെ വെള്ളം കുത്തിയൊലിക്കും. മലയടിവാരത്തെ ഈ ദുരിത ജീവിതം കണ്ടുനിൽക്കാനാവില്ല. “മഴയുടെ കാര്യം ഓര്‍ക്കുമ്പോള്‍ പേടിയാ. എങ്ങനെയൊക്കെ പുതച്ചുകിടന്നാലും വിറയ്ക്കുവാ. എലി, പാമ്പ്, പന്നി ശല്യമാണ്. രാത്രി ഒരു 16 വട്ടമെങ്കിലും എഴുന്നേല്‍ക്കും”- ഗോപാലകൃഷ്ണന്‍ പറഞ്ഞു. അർബുദം ബാധിച്ചതോടെ ഗോപാലകൃഷ്ണന്‍റെ ആരോഗ്യമെല്ലാം ക്ഷയിച്ചു. ജോലിക്ക് പോകാനാകില്ല. ജീവിതം വഴിമുട്ടിയ അവസ്ഥ. തലചായ്ക്കാൻ ഒരു വീട് ഇല്ലാത്തത് അതിലേറെ ദുഃഖം. ഷീറ്റായാലും മതി, നനയാതെ ഒന്നു കിടന്നുറങ്ങിയാല്‍ മതിയെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. മൂന്ന് സെന്‍റിലെ പഴയ വീട് പൊളിച്ച ശേഷമാണ് സമീപത്ത് കൂരകെട്ടി താമസമാക്കിയത്. ലൈഫ് പദ്ധതിയിൽ കിട്ടിയ ആദ്യഘട്ട തുക കൊണ്ട് പുതിയ വീടിന് തറകെട്ടി. ബാക്കി തുകയ്ക്കായി നാലു മാസത്തിലധികമായി കാത്തിരിക്കുകയാണെന്ന് ഭാര്യ സരസ്സമ്മ പറയുന്നു. ഒരു മുറിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.ഗോപാലകൃഷ്ണൻ രോഗബാധിതനായി ആശുപത്രിയിലായതിനാൽ ലൈഫിലെ നിർമാണ കരാർ ഒപ്പിടാൻ വൈകിയെന്നാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്. തറകെട്ടി കാത്തിരിക്കുന്നവർക്ക് ബാക്കി തുക എന്ന് കിട്ടുമെന്ന് ചോദിച്ചാൽ, സംസ്ഥാന സർക്കാരിന്‍റെ വിഹിതം ഈ ആഴ്ച കിട്ടുമെന്നും പണം വേഗം നൽകുമെന്നുമാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *