കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ഇന്നലെ 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ തിരികെ വീട്ടിലെത്തിയപ്പോളാണ് ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടതെന്ന് പ്രദേശവാസി. സന്ധ്യ ഗുരുതര പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ബിജുവും സന്ധ്യയും കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ പെട്ടുപോയി. ഇരുവരുടെയും കാലുകൾ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവർക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കു താഴെയായി ഒരു അലമാരയും ഇവർക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മാറി താമസിക്കാനുള്ള നിർദേശം അധികൃതർ നേരത്തേ തന്നെ നൽകിയിരുന്നു. എന്നാൽ ബിജുവും സന്ധ്യയും അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് രാത്രി തിരിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
രാത്രി മണ്ണിടിഞ്ഞതോടെ, കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിച്ചു. പൂർണമായി തകർന്ന വീടിന്റെ മേൽക്കൂര രണ്ടായി പിളർന്നിരുന്നു. പുലർച്ചെ 03.10നാണ് സന്ധ്യയെ പുറത്തെത്തിക്കുന്നത്. ശേഷം ഹിറ്റാച്ചി ഉൾപ്പെടെയുള്ളവ എത്തിച്ച് കോൺക്രീറ്റ് ബീമുകൾ നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം 4.50 ഓടെയാണ് പുറത്തെടുത്തത്. ബിജുവിന്റെ അരയ്ക്കുമുകളിലേക്ക് കോൺക്രീറ്റ് പാളികളും ബീമുകളും പതിച്ചിരുന്നു.
ബിജു തുടക്കം മുതൽക്കേ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം സന്ധ്യയെ പുലർച്ചെ നാല് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. അതിസാഹസികമായ രക്ഷാദൗത്യമാണ് അഗ്നിരക്ഷാസേനയും എൻഡിആർഎഫും നാട്ടുകാരും നടത്തിയത്. ദേശീയപാത നിർമാണത്തിനായി അനധികൃതമായി മണ്ണെടുത്തതാണ് നാൽപ്പത് അടിയുള്ള മൺതിട്ട രൂപപ്പെടാൻ കാരണമായത് എന്ന് തുടക്കം മുതൽ തന്നെ പ്രദേശവാസികൾ പറഞ്ഞു.
