വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ജയിലിൽ നിന്നും വിട്ടയച്ച പലസ്തീനികൾക്കും നാട്ടിൽ ലഭിച്ചത് വൻ വരവേൽപ്പ്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നൂറുകണക്കിന് നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു പലസ്തീനികൾക്ക് നാട്ടിൽ ലഭിച്ച വരവേൽപ്പ്. കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്‍ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ​ർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വന്ന ട്രക്കുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതായി ഫലസ്തീനിൽനിന്നുള്ള മാധ്യമപ്രവർത്തക ദിമ കാത്തിബ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ബാക്കി തടവുകാരുടെ മോചനം വൈകുമെന്ന് ശനിയാഴ്ച ഹമാസ് പ്രഖ്യാപിച്ചതിന് പിന്നിൽ ഇസ്രായേലിന്റെ വ്യവസ്ഥ ലംഘനമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. തടവുകാരുടെ കൈമാറ്റത്തിനായി ധാരണയിലെത്തിയ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചർച്ചകൾക്കൊടുവിലാണ് ബന്ദികളുടെ മോചനം സാധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *