ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്ത്രീക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയില്‍ രാജനാണ് അയല്‍വാസിയായ ലീലയെ ആക്രമിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥിരം മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്ന ആളാണ് രാജന്‍. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലും സമീപത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലുമുണ്ട്. ഇന്നലെ മദ്യപിച്ച ശേഷം വീടിനടുത്തെത്തിയ രാജന്‍ ലീലയുടെ മകനുമായി വാക്കേറ്റം ഉണ്ടായി. ഈ ദേഷ്യത്തില്‍ മകനെ കോടാലി ഉപയോഗിച്ച് ആക്രമിക്കാന്‍ എത്തുമ്പോഴാണ് മാതാവ് ലീല ഇടയ്ക്ക് വീണത്. മകനോടി രക്ഷപ്പെട്ടപ്പോള്‍ ലീലയെ രാജന്‍ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് പല കുറി വെട്ടിയെങ്കിലും കോടാലിക്ക് മൂര്‍ച്ച ഇല്ലാത്തതുകൊണ്ടും കോടാലിയുടെ അറ്റം വീട്ടമ്മ പിടിച്ചുവെച്ചത് കൊണ്ടും ഗുരുതരമായി പരിക്കേറ്റില്ല. മുതുകിലും കൈയിലും പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.