കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും മര്‍ദ്ദനമേറ്റതില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും കേസ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ ഇന്നലെത്തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.