ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടിവേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ആറുവരെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സർക്കാരും അറിയിച്ചു. ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ, ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *