കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കുന്നതിനായുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വി ശിവൻ കുട്ടി. കരട് വിജ്ഞാപനത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ രഹസ്യമായി ലേബർ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

‘ലേബർ കോഡിനെ ആദ്യമേ തന്നെ കേരള ശക്തമായി എതിർത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ സമസ്ത വിഭാഗം തൊഴിലാളികളുടെയും അവകാശ സംരക്ഷണ നിയമങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. അതിനോട് ഒരു കാരണവശാലും കേരള സർക്കാരിന് യോജിക്കാൻ കഴിയില്ല എന്ന് മാത്രമല്ല രാജ്യത്തെ മുഴുവൻ തൊഴിലാളികളെ ബാധിക്കുന്ന ഒരു നിയമഭേദഗതി വരുന്ന അവസരത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കുക എന്നത് ജനാധിപത്യ മര്യാദയാണ് ഫെഡറൽ തത്വത്തിന്റെ ഭാഗമാണ് പക്ഷേ അതൊന്നും പാലിക്കാതെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര ഗവൺമെന്റ് ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയിലെ എല്ലാ ലേബർ സെക്രട്ടറിമാരുടെയും റീജണൽ യോഗങ്ങൾ ചേർന്നിരുന്നു. നമ്മുടെ സംസ്ഥാനവും യോഗത്തിൽ പങ്കെടുത്തു. കരട് നിയമങ്ങൾ തയ്യാറാക്കണമെന്ന് യോഗത്തിൽ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് തയ്യാറാക്കിയതിനുശേഷം നമ്മൾ കഴിഞ്ഞ രണ്ടു വർഷക്കാലമായിട്ട് ആ കരടിന് മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടേയില്ല. ആ കാര്യം മറച്ചുവെച്ചുകൊണ്ടാണ് ഇന്ന് ഒരു മാധ്യമം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വളരെ പ്രധാനപ്പെട്ട വാർത്തയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്’ എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *