കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. തൊഴിലാളി ക്യാമ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.500 ഓളം പേരാണ് അക്രമം നടത്തിയത്
നിലവിൽ 150 പേരെയാണ് അറസ്റ്റ് ചെയ്ത‌ിരിക്കുന്നത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *