റെയിൽവെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാരുടെ പരാതി. വ്യാഴാഴ്ച തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധിപ്പേർ പരാതിപ്പെട്ടു. വെബ്സൈറ്റുകളുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റിലും ഐആർസിടിസി വെബ്സൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നു. 11 മണിക്ക് നോൺ എ.സി തത്കാൽ ബുക്കിങ് ആരംഭിച്ചതോടെയാണ് വെബ്സൈറ്റ് പൂർണമായും കിട്ടാതായത് .
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർസിടിസി മൊബൈൽ ആപ്പ് തുറന്നാൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം ഇപ്പോൾ ടിക്കറ്റെടുക്കാൻ സാധിക്കില്ലെന്ന എറർ സന്ദേശമാണ് കാണുന്നത്. രാവിലെ പത്ത് മണിക്ക് എ.സി കോച്ചുകളിലേക്കുള്ള തത്കാൽ ബുക്കിങ് ആരംഭിച്ചപ്പോഴാണ് പലരും പ്രശ്നം ശ്രദ്ധിച്ചത്. എന്നാൽ ഇരട്ടിയും അതിലധികവും പണം നൽകി എടുക്കേണ്ട പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് പ്രശ്നമൊന്നുമില്ല. ഇത് വലിയ തട്ടിപ്പാണെന്ന് നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു. പലരും പരിഹാസ രൂപേണയാണ് പോസ്റ്റ് പങ്കുവെച്ചത്.