
കോഴിക്കോട്: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി മൊബൈൽ അപ്ലിക്കേഷൻ ആവിഷ്കരിച്ച് വനം വകുപ്പ്. വയനാട്, നിലമ്പൂർ, റാന്നി, മൂന്നാർ, കണ്ണൂർ എന്നിവിടങ്ങളിലായി ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്ന ആപ്പ് ഈ മാസം അവസാനത്തോടെ നിലവിൽവരുമെന്ന് അധികൃതർ അറിയിച്ചു. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത്, മുള്ളൻ പന്നി, മരപ്പട്ടി, പന്നി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ കെെമാറാം. ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്കെല്ലാം മൃഗങ്ങളുടെ നീക്കത്തെക്കുറിച്ച് സന്ദേശമെത്തും. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്‌കരിച്ച സർപ്പ ആപ്ലിക്കേഷനിൽ വന്യമൃഗങ്ങളെയും ഉൾപ്പെടുത്താനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ട്രയൽ റണ്ണിൽ കണ്ടെത്തിയതോടെയാണ് വന്യമൃഗങ്ങൾക്കായി പ്രത്യേകം ആപ്പ് ഒരുക്കിയത്. ആപ്പിന്റെ ഡാഷ്ബോർഡിൽ സർപ്പ ഓപ്ഷനും ഉണ്ടാകും. അയ്യപ്പഭക്തൻമാരുടെ സംരക്ഷണത്തിനായി ശബരിമല സീസണിൽ ആപ്പ് ഒരുക്കിയിരുന്നു. അത് ഫലപ്രദമായിരുന്നു.