കാനഡയിൽ വച്ച് ഭാര്യയ്ക്ക് രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും.ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
സിബിഐ ഏറ്റെടുത്തത്. 2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം കാനഡയിൽ പോകുന്നത്. ശ്രീകാന്ത് മേനോൻ ലഹരിക്ക് അടിമയായിരുന്നു. നിത്യേന ലഹരി ഉപയോഗിച്ചിരുന്ന ശ്രീകാന്ത് മേനോൻ ഭാര്യയേയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു. ഇത് നിരസിച്ച ശ്രുതിയെ ശ്രീകാന്ത് ക്രൂരമായി മർദിച്ചിരുന്നു.ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചാതായും ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കൊലപ്പെടുത്താന്‍ കാറപകടം ഉണ്ടാക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു. നിരവധി തവണ യുവതിയുടെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്തു. യുവതിക്ക് ക്ലീനിങ് ലോഷന്‍ നല്‍കി നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയും ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയും സംസാര ശേഷി തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
വളരെ പ്രയാസപ്പെട്ടാണ് കാനഡയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല. ട്യൂബില്‍ കൂടിയാണ് ഭക്ഷണം നല്‍കുന്നത്. നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പൈപ്പിൽ നിന്ന് മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രുതിക്ക് നൽകിയത്. തുടർന്ന് ശ്രുതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രേശിപ്പിച്ചിരുന്നു. ശ്രുതിയുടെ ശ്വാസകോശവും അന്നനാളവും പൊള്ളിപ്പോയ അവസ്ഥയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാസവസ്തു സ്വയം കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കാനഡ പൊലീസിന് ശ്രുതി അന്ന് നൽകിയ മൊഴി.എന്നാൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണ് അത്തരത്തിലൊരു മൊഴി നൽകിയതെന്ന് ശ്രുതി നാട്ടിലെത്തിയതിന് ശേഷം പൊലീസിനോട് വ്യക്തമാക്കി. നാട്ടിലേക്ക് ജീവനോടെ തിരികെയെത്തണമെന്ന ആഗ്രഹം കൊണ്ടാണ് ഭർത്താവിനെതിരെ മൊഴി നൽകാതിരുന്നതെന്നും ശ്രുതി പറഞ്ഞിരുന്നു.
