അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും.രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം. അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണത്. എന്നാല്‍ അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്, എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു- തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *