കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സംഘടനാ പദവികളില്‍നിന്നും രാജിവെച്ച് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും എംപിയുമായ കക്കോലി ഘോഷ് ദസ്തിദാര്‍. ബാരാസത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായിട്ടുള്ള കക്കോലി ഘോഷ് കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ഭരണനിര്‍വ്വഹണ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് തൃണമൂലിലെ എല്ലാ പദവികളും ഒഴിയുന്നു എന്ന് അറിയിച്ചത്. ഇതോടെ കക്കോലി ഘോഷ് ദസ്തിദാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
ഓള് ഇന്ത്യ തൃണമൂല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് മമത ബാനര്‍ജിക്ക് അയച്ച രാജി കത്തില്‍ പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ എംപിക്കെതിരെ കടുത്ത വിമര്‍ശനമാണ് കക്കോലി ഉന്നയിച്ചിരിക്കുന്നത്. ‘വളരെ സങ്കടത്തോടെയും ആശങ്കയോടെയുമാണ് ഞാന്‍ തൃണമൂല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയും മറ്റ് സംഘടനാ ചുമതലകളും രാജിവെക്കുന്നത്.
‘ഒരു വനിതാ എംപിയോട് മറ്റൊരു വിവരമില്ലാത്തവനും മര്യാദകെട്ടവനുമായ പാര്‍ട്ടി എംപി നടത്തുന്ന മോശം പെരുമാറ്റം തടയാന്‍ പോലും സാധിക്കാത്ത ഒരു പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തില്‍ നിന്നും യാതൊരുവിധ സഹകരണമോ സഹാനുഭൂതിയോ എനിക്ക് ലഭിച്ചില്ല.’ എന്നും രാജിക്കത്തില്‍ പറയുന്നു.
