ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകി. വിസ്മയ കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്ത്രീ സുരക്ഷ പൊലീസ് സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ കുറ്റബോധമില്ലെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സ്വന്തം കർത്തവ്യം മാത്രമാണ് ചെയ്തത്. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ല. ഇവർക്ക് നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നു. കേരളത്തിൽ ഐ.എസിന്‍റെ റിക്രൂട്ടിങ് ഉണ്ടെന്നും ഡി.ജി.പി പറഞ്ഞു. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നു. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയുന്നില്ല. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം. പല ശ്രമങ്ങളുടെ ഭാഗമായി ആശങ്കകൾ ഇപ്പോൾ കുറഞ്ഞു വരുന്നു.